"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Tuesday, July 9, 2013

പി.പി മുഹമ്മദ് ഫൈസി വഫാത്തായി

സമസ്ത മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി ഉസ്താദ് വഫാത്തായി 


സമസ്ത മുശാവറ അംഗവും പ്രമുഖ 
യുടെ ചരിത്രകാരനും വാഗ്മിയുമായ പി.പി മുഹമ്മദ് ഫൈസി (61) ഉസ്താദ് വഫാത്തായി . മലപ്പുറം ജില്ലാ എസ വൈ എസ്   ജനറല്‍ സെക്രട്ടറി,  സുന്നി അഫ്കാർ എഡിറ്റർ , തിരൂരങ്ങാടി താലൂക്ക് സമസ്ത  ജനറല്‍ സെക്രട്ടറി, കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പ്രിന്‍സിപ്പല്‍, സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
കൊടിഞ്ഞി, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

സമസ്തയുടെയും നേതാക്കളുടെയും ചരിത്രം ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച 'സമസ്ത' എന്ന ആധികാരിക ഗ്രന്ഥം ശ്രദ്ധേയമാണ്. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാർ ഗുരുനാഥനാണ്.
---------------------------------------------------------------------

പി.പി മുഹമ്മദ് ഫൈസി: കണ്‍മറഞ്ഞത് സമസ്തയുടെ കൈപ്പുസ്തകം
( കടപ്പാട് : ചന്ദ്രിക )
Posted On: 8 /9/2013  


അറിവിന്റെ ആഴവും ചരിത്രത്തിന്റെ പിന്നാമ്പുറവും കണ്ട അന്വേഷിയായ പ്രതിഭയെയാണ് പി.പി മുഹമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ സമസ്തക്ക് നഷ്ടമായത്. ദര്‍സ് പഠന കാലത്തു തന്നെ സമസ്തയുടെ പ്രസിദ്ധീകരണങ്ങളിലെഴുതിയും സ്വന്തമായ ലഘുകൃതികള്‍ തയാറാക്കിയും തന്റെ തൂലികമുനയെ ഊതിക്കാച്ചിയെടുത്ത പി.പി മുഹമ്മദ് ഫൈസി മരിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ചില സുവനീറുകളിലേക്ക് എഴുതിക്കൊടുത്തതും 'സമസ്ത; ചരിത്രവും വര്‍ത്തമാനവും' വിശകലനം ചെയ്തുള്ള ലേഖനങ്ങള്‍ തന്നെ. ആധികാരിക പഠനവും അതിലേറെ അന്വേഷണ തൃഷ്ണതയുമാണ് പി.പിയിലെ എഴുത്തുകാരനെ വേറിട്ടു നിര്‍ത്തുന്നത്. 'സമസ്ത' എന്ന ഗ്രന്ഥം മാത്രം മതി അദ്ദേഹത്തിന്റെ തൂലികയുടെ കരുത്തറിയാന്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ പശ്ചാത്തലം മുതല്‍ വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന പി.പിയുടെ ഈ ഗ്രന്ഥം സമസ്തയുടെ ആധികാരിക ചരിത്രഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സമസ്തയുടെ പ്രഭാഷകര്‍ക്കും എഴുത്തുകാര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ തയാറാക്കിയ ഗ്രന്ഥം സമസ്തയുടെ സമ്മേളനങ്ങള്‍, പ്രമേയങ്ങള്‍, നേതാക്കള്‍, ഭരണഘടനയുടെ പ്രസക്തഭാഗങ്ങള്‍, ഫത്്‌വകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്.

കോട്ടക്കല്‍ ടൗണ്‍ പള്ളിയില്‍ (സ്വാഹിബിന്റെ പള്ളി) മുദരിസായിരിക്കെയാണ് പി.പി ഈ ഗ്രന്ഥമെഴുതുന്നത്. വസ്തുനിഷ്ഠമായ ചരിത്രമെഴുത്തിനു വേണ്ടി ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ഥലങ്ങളും നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലങ്ങളും തേടി അദ്ദേഹം ഏറെ യാത്ര ചെയ്തിട്ടുണ്ട്. 'റോയല്‍റ്റി'യോ വലിയ പബ്ലിസിറ്റിയോ ആഗ്രഹിക്കാത്തതിനാല്‍ പി.പിയുടെ മിക്ക കൃതികളും സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സമസ്തയുടെ പല പ്രസിദ്ധീകരണങ്ങളുടെയും സമ്മേളന സുവനീറുകളുടെയും പത്രാധിപസമിതിയില്‍ പി.പി മുന്‍നിരയിലെത്തി. സുന്നി യുവജന സംഘം മുഖപത്രമായ സുന്നി അഫ്കാറിന്റെ പത്രാധിപ സമിതി അംഗമായും പിന്നീട് മരിക്കുന്നത് വരെ എക്‌സിക്യുട്ടീവ് എഡിറ്ററായും തിളങ്ങി.

തന്റെ ഗുരുശ്രേഷ്ഠരും സമസ്തയുടെ സമുന്നത നേതാക്കളുമായിരുന്ന സി.എച്ച് ഐദറൂസ് മുസ്്‌ലിയാര്‍, എം.എം ബശീര്‍ മുസ്്‌ലിയാര്‍ എന്നിവരുടെ പാത പിന്തുടര്‍ന്നാണ് സമസ്തയുടെ മുഴുസമയ പ്രവര്‍ത്തകനായി പി.പി രംഗത്തുവരുന്നത്. പാണ്ഡിത്യ ഗരിമയുടെ പ്രതിരൂപമായിരുന്ന സി.എച്ച് ഐദറൂസ് മുസ്്‌ലിയാരും ബുദ്ധിവൈഭവവും ഓര്‍മശക്തിയും ആദര്‍ശനിഷ്ഠയും സമ്മേളിച്ചിരുന്ന എം.എം ബശീര്‍ മുസ്്‌ലിയാരും തന്നെയാണ് പി.പിയിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും.

സമസ്തയുടെ കമ്പ്യൂട്ടര്‍ എന്ന വിശേഷണത്തിനുടമയായിരുന്ന എം.എം ബശീര്‍ മുസ്്‌ലിയാരുടെ ഓര്‍മശക്തി പി.പിയുടെ എഴുത്തിലും പ്രസംഗത്തിലും പ്രതിഫലിച്ചിരുന്നു. 1926ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചതു മുതല്‍ ആനുകാലികം വരെ ഒരേ ഒഴുക്കോടെ എഴുതാനും പ്രസംഗിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. സമസ്ത നടത്തിയ സമ്മേളനങ്ങളുടെ സമയവും തീയതിയും വേദിയും ഉദ്ഘാടകനും മുഖ്യപ്രഭാഷകനും പ്രമേയവും മുതല്‍ സംഘാടകസമിതിയിലെ അംഗങ്ങള്‍ വരെ പി.പിയുടെ പ്രസംഗത്തിലും എഴുത്തിലും കടന്നുവരും. എല്ലാം ഒന്നിനൊന്ന് കൃത്യമായിരിക്കുകയും ചെയ്യും.

സമസ്ത സമ്മേളനങ്ങളുടെ സുവനീറുകള്‍ സമ്പന്നമാകുന്നത് പി.പിയുടെ ചരിത്രബന്ധിയായ ലേഖനങ്ങളാലാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും ഒട്ടുമിക്ക സമ്മേളങ്ങളില്‍ 'സമസ്ത' വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നത് പി.പി മുഹമ്മദ് ഫൈസിയായിരുന്നു. മുഖ്യധാര പ്രസിദ്ധീകരണങ്ങളോടും എഴുത്തുകാരോടും മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മുസ്്‌ലിംലീഗ് പ്രസ്ഥാനവുമായും ചന്ദ്രികയുമായും അടുത്ത ബന്ധം പുലര്‍ത്തി. പരിസര പ്രദേശങ്ങളിലെ മുസ്്‌ലിംലീഗ് വേദികളില്‍ പ്രാത്ഥന കൊണ്ടും പ്രസംഗം കൊണ്ടും അദ്ദേഹം നിറഞ്ഞു നിന്നു. മുസ്്‌ലിംലീഗിന്റെ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനങ്ങളില്‍ പലപ്പോഴും പി.പി മുഖ്യപ്രഭാഷകനായിരുന്നു.
വരും തലമുറക്ക് ഒരുപിടി ഓര്‍മകളുടെ കുറിപ്പുകള്‍ ബാക്കി വെച്ചാണ് സമസ്തയുടെ സഞ്ചരിക്കുന്ന വിജ്ഞാനകോശമെന്നോ കൈപുസ്തകമെന്നോ വിശേഷിപ്പിക്കാവുന്ന പി.പി മുഹമ്മദ് ഫൈസി കണ്‍മറഞ്ഞത്.

No comments:

Post a Comment