"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Saturday, March 17, 2012

കണ്ണിയത്ത് ഉസ്താദ് , ശംസുല്‍ ഉലമാ അനുസ്മരണം- ജിദ്ദ എസ്.വൈ.എസ്


ചരിത്രത്തിന്‍റെ  ദശാ സന്ധികളില്‍  മുസ്ലിം കൈരളിയെ പാരമ്പര്യത്തിന്റെ കണ്ണിചേര്‍ത്ത്  നിര്‍ത്തിയ സമസ്ത, വിസ്മയങ്ങള്‍ തീര്‍ത്തത് ,വ്യക്തി ജീവിതത്തിലെ വിശുദ്ധിയും  ആദര്‍ശ നിഷ്ഠയും കൊണ്ട്  മാതൃക കാണിച്ച മഹദ് വ്യക്തിത്വങ്ങളുടെ കരുത്തുറ്റ സാരഥ്യം കൊണ്ടായിരുന്നുവെന്നു ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പറഞ്ഞു.  ജിദ്ദാ എസ്. വൈ എസ് സംഘടിപ്പിച്ച  കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയവ്യത്യാസമില്ലാതെ സര്‍വ്വരാലും ആദരിക്കപെട്ടിരുന്ന സമസ്തയുടെ നേതാക്കള്‍  മത സൌഹാര്‍ദ്ദത്തിനും സാമൂഹ്യ നന്മക്കും  നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പാഠമാകണമെന്നും,  കണ്ണിയത്തു ഉസ്താദും ശംസുല്‍ ഉലമയും ബാഫഖി തങ്ങളും പാണക്കാട് സാദാത്തീങ്ങളും ജീവിച്ചു കാണിച്ച മാതൃക യാണ് സമസ്തയുടെ സമകാലിക നേതൃത്വ വും പിന്‍ തുടരുന്നതെന്നും അദ്ദേഹം സോദാഹരണം വിശദീകരിച്ചു.



                                                                അബ്ദുറസാഖ് ബുസ്താനി

Friday, March 9, 2012

അനുഗ്രഹീതം ഈ സംഗമം


ജിദ്ദ യിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം  പ്രവര്‍ത്തക കൂട്ടായ്മ "ഖാഫില ജിദ്ദ" യുടെ സ്നേഹ സംഗമം അനിര്‍വചനീയമായ ഒരനുഭൂതിയായി. കേരള ഇസ്ലാമിക് ക്ലാസ് റൂം ആദര്‍ശ പഠനം സെഷനിലെ സുപരിചിത ശബ്ദം നേരില്‍ കേള്‍ക്കാനും, ആ വിശിഷ്ട അതിഥിയെ നേരില്‍ കാണാനും ഏറെ ആഗ്രഹിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വിശുദ്ധ മക്ക യില്‍ നിന്നും എത്തിയ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെ സ്നേഹാതിരേകത്താല്‍ ആശ്ലേഷിച്ചും, പരസ്പരം സന്തോഷം പങ്കിട്ടും ഖാഫില ജിദ്ദ സംഗമം  അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
സയ്യിദ് ഉബൈദുല്ലഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി  ഉദ്ഘാടനം ചെയ്തു. അബ്ദുല്ലാഹ് ഫൈസി കൊള പ്പറമ്പ് പ്രാര്‍ത്ഥന നടത്തി. സയ്യിദ് സഹല്‍ തങ്ങള്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.
വിശുദ്ധ മക്കയിലെ ഹറമില്‍ ഇന്നും നില നില്‍ക്കുന്ന ചരിത്ര പ്രധാനമായ പല  അടയാളങ്ങളുടെയും പ്രാമാണിക യാഥാര്‍ത്ഥ്യം അന്‍ വരി ഉസ്താദ് വിവരിച്ചപ്പോള്‍ , ആഴ്ച തോറും ഹറമില്‍ പോകുന്ന, വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന ജിദ്ദയിലെ പ്രവാസികള്‍ക്ക് അതൊക്കെ പുതിയ അറിവായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹറമിലെ ജമാ അത്ത് നിസ്കാരത്തില്‍ സ്വദേശികളും  ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തുന്നവരും അവരവരുടെ ആരാധനാ കര്‍മങ്ങളില്‍ പുലര്‍ത്തുന്ന വൈവിധ്യ പൂര്‍ണമായ രീതികള്‍ വ്യത്യസ്ഥ മദ് ഹബുകളില്‍ നിഷ്കര്ഷിക്കപ്പെട്ട തരത്തില്‍ ഉള്ളവയാണെന്ന് അതാതു മദ് ഹബുകളിലെ മസ് അലകള്‍ വിവരിച്ചു കൊണ്ട്  അദ്ദേഹം വിവരിച്ചു. ഉംറ കര്‍മങ്ങള്‍ കഴിഞ്ഞ് കിട്ടുന്ന സമയമത്രയും  ഈ വൈവിധ്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാനും അവയുടെ മാനങ്ങള്‍ കണ്ടെത്താനും വിനിയോഗിക്കുന്ന ഉസ്താദിന്റെ ഗവേഷണ കൌതുകം യുവ പണ്ഡിതര്‍ക്കു  പ്രോല്‍ സാഹനജനകമാവുകയാണ്. 
ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ്  റഹ്മാന്‍ റഹ്മാനി സ്വാഗതം ആശംസിച്ചു.
മുസ്തഫ ബാഖവി ഊരകം, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍, അബു ബകര്‍ ദാരിമി ആലം പാടി, നൌഷാദ് അന്‍ വരി, സല്‍മാന്‍ അസ് ഹരി, മുസ്തഫ അന്‍ വരി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.