"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, June 16, 2013

ശൈഖുനാ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ വഫാത്തായി


മലപ്പുറം: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റും സമസ്ത കേരളാ ജംഇയതുല്‍ ഉലമാ വൈസ്പ്രസിഡണ്ടുമായ തൊണ്ടിക്കോടന്‍ മുഹയിദ്ദീന്‍ എന്ന ടികെഎം ബാവ മുസ്‌ലിയാര്‍ നിര്യാതനായി. 87 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.എഴുപതോളം മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന കാസര്‍ഗോഡ് സംയുക്ത ജമാഅതിന്റെ ഖാദി കൂടിയാണ് ബാവ മുസ്‌ലിയാര്‍..
സമസ്തയുടെ വര്‍ത്തമാന പണ്ഡിതനിരയിലെ മുന്‍നിരക്കാരില്‍ പ്രധാനിയാണ് അദ്ദേഹം. പാണ്ഡിത്യഗരിമകൊണ്ടും ആദര്‍ശ ധീരത കൊണ്ടും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. പണ്ഡിതപാരമ്പര്യം കൊണ്ട് ധന്യമാണ് അദ്ദേഹത്തിന്‍റെ നാടും വീടും. മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വിജ്ഞാന ലോകത്ത് അദ്ദേഹത്തിന് വഴി വെട്ടിയത് പിതാമഹനും പ്രമുഖ സൂഫീവര്യനുമായിരുന്ന മൊയ്തീന്‍ മുസ്‌ലിയാരാണ്.
രണ്ടാം ക്ലാസ് സ്കൂള്‍ പഠന ശേഷം അദ്ദേഹം തന്‍റെ വൈജ്ഞാനികപ്രയാണം തുടങ്ങി. ദര്‍സ് പഠനം തുടക്കം കുറിച്ചത് വലിയുപ്പയില്‍ നിന്ന് തന്നെയായിരുന്നു.
മുതഫരിദിലെ അല്‍പഭാഗം വരെ വെളിമുക്ക് ദര്‍സില്‍ ഓതിയ ശേഷം, വല്യപ്പയുടെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി പയനത്ത് പള്ളിയില്‍ ചേര്‍ന്നു. പന്ത്രണ്ട് വയസ്സായിരുന്നു അന്ന് പ്രായം. പ്രമുഖ സൂഫീവര്യന്‍ കോമു മുസ്‌ലിയാരുടെയും പ്രമുഖ വാഗ്മി പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെയും ശിഷ്യത്വം ലഭിച്ചത് അവിടെ വെച്ചായിരുന്നു. ശേഷെ വിളയില്‍ കോട്ടുമല കുഞ്ഞീതു മുസ്‌ലിയാരായിരുന്നു ഗുരു. വാഹനം വിരളമായിരുന്ന അക്കാലത്ത് വിജ്ഞാനം തേടിയുള്ള ഈ യാത്രകളൊക്കെ കാല്‍നട ആയിട്ടായിരുന്നു. കോട്ടുമല ഉസ്താദിന്‍റെ ദര്‍സിലും അദ്ദേഹം ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്.
ബുഖാരി, തുഹ്ഫ തുടങ്ങിയ കനപ്പെട്ട കിതാബുകള്‍ ഓതിപ്പഠിച്ചത് കാസര്‍ഗോട്ടെ എ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്നായിരുന്നു. ശേഷം മൂന്ന് വര്‍ഷം ബാഖിയാതില്‍ പഠിച്ച് ബാഖവി ബിരുദവുമായി അദ്ദേഹം തിരിച്ചെത്തിയത് തികഞ്ഞ പാണ്ഡിത്യവും അതിലേറെ ആത്മീയഔന്നത്യവും സ്വന്തമാക്കിയായിരുന്നു. ശേഷം അങ്ങോട്ട് അധ്യാപന-സേവന സപര്യയായിരുന്നു. മര്‍ഹൂം കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ ബാഖിയാതിലെ അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു.

No comments:

Post a Comment